തൃശൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തതിൽ വിശദീകരണവുമായി നവ്യ നായരുടെ കുടുംബം. ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് നവ്യാ നായരെ ഇ.ഡി ചോദ്യം ചെയ്തത്. സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന തരത്തിലാണ് പരിചയമെന്ന് താരത്തിന്റെ കുടുംബം അറിയിച്ചു.
ഗുരുവായൂർ സന്ദർശനത്തിന് വേണ്ടി സാവന്തിന് പലതവണ സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ടെന്നും കുടുംബം വെളിപ്പെടുത്തി. നവ്യയുടെ മകന് പിറന്നാൾ സമ്മാനം നൽകിയതല്ലാതെ മറ്റ് ഉപഹാരങ്ങൾ ഒന്നും നൽകിയിട്ടില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും കുടുംബം കൂട്ടിച്ചേർത്തു.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി താരത്തിന് അടുത്ത ബന്ധം ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ആരോപണം. സച്ചിൻ സാവന്ത് എന്ന ഉദ്യോഗസ്ഥനാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.
ഇയാൾ നവ്യാ നായർക്ക് ആഭരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ നൽകി എന്നാണ് പറയപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ സുഹൃത്തുക്കൾ മാത്രമാണെന്നും അതിനപ്പുറം മറ്റൊരു അടുപ്പം സച്ചിൻ സാവന്തുമായി ഇല്ലെന്നും താരം അറിയിച്ചു.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ പല വിവരങ്ങളിലും വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

