ഊട്ടിയിലെ ചോക്ലേറ്റ് ഫാക്ടറി സന്ദർശിച്ച് രാഹുൽ ഗാന്ധി; വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ഊട്ടിയിലെ ചോക്ലേറ്റ് ഫാക്ടറി സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ഊട്ടിയിലെ എറ്റവും പ്രശസ്തമായ ചോക്ലേറ്റ് ബ്രാൻഡായ മോഡിസ് ചോക്ലേറ്റിന്റെ ഫാക്ടറിയിലാണ് രാഹുൽ സന്ദർശനം നടത്തിയത്.

ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ തന്റെ മണ്ഡലമായ വയനാട്ടിലേക്കു പോകവേയാണ് രാഹുൽ ചോക്ലേറ്റ് ഫാക്ടറിയിലെത്തിയത്. ചോക്ലേറ്റ് ഫാക്ടറി സന്ദർശിച്ച അദ്ദേഹം തൊഴിലാളികളുമായി സംസാരിക്കുകയും ചെയ്തു. സന്ദർശനത്തിന്റെ യുട്യൂബ് വിഡിയോ രാഹുൽ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ചോക്ലേറ്റ് നിർമ്മാണത്തിലും രാഹുൽ പങ്കാളിയായി.

മോഡിസ് ചോക്ലേറ്റുകളുടെ കഥ ഇന്ത്യയിലെ എംഎസ്എംഇകളുടെ മഹത്തായ സാധ്യതകളുടെ ശ്രദ്ധേയമായ തെളിവാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 70 സ്ത്രീകളുടെ സംഘമാണ് ഊട്ടിയിലെ പ്രശസ്തമായ ചോക്ലേറ്റ് ഫാക്ടറികളിലൊന്നിനെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.