തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 60 ഇലക്ട്രിക് ബസുകൾ സിറ്റി സർവീസിനായി കെഎസ്ആർടിസി സ്വിഫ്റ്റിന് കൈമാറുന്നതിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നിർവ്വഹിച്ചു. ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ചാല ഗവ. മോഡൽ ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗത സൗകര്യങ്ങൾ കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി 104 കോടി ചെലവിൽ 113 ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. ഇതിൽ ആദ്യഘട്ടമായി അറുപത് ബസുകളാണ് ഇന്ന് കൈമാറിയത്.
തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡ് വികസിപ്പിച്ച മാർഗദർശി ആപ്പ് പൊതു ഗതാഗത സംവിധാനത്തിന് മുതൽക്കൂട്ടാവും. കണ്ട്രോൾ റൂം ഡാഷ്‌ബോർഡിൽ ബസുകളുടെ തത്സമയ ട്രാക്കിംഗ്, ബസ് ഷെഡ്യൂളിംഗ്, ക്രൂ മാനേജ്‌മെന്റ്, ഓവർസ്പീഡ് ഉൾപ്പെടെയുള്ള ബസ് നിരീക്ഷണ സൗകര്യങ്ങളുണ്ട്. ബസ് വിവരങ്ങൾ, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ, യാത്രാ പ്ലാനർ തുടങ്ങിയവയെല്ലാം ആപ്പിലൂടെ പൊതുജനങ്ങൾക്ക് അറിയാനാകും. സിറ്റി സർക്കുലർ ബസുകളുടെ തത്സമയ സഞ്ചാര വിവരം അറിയാനുള്ള എന്റെ കെ എസ് ആർ ടി സി നിയോ ബീറ്റാ വേർഷന്റെ റിലീസും ചടങ്ങിൽ നടക്കും. ബസ് സ്റ്റേഷനുകളിൽ വാഹനങ്ങളുടെ വിവരങ്ങൾ തത്സമയം അറിയിക്കുന്ന ആധുനിക ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
ലോകത്തിലെ വികസിത നഗരങ്ങളോട് മത്സരിക്കാവുന്ന സംവിധാനങ്ങളാണ് ഒരുങ്ങുന്നത്. ഡീസൽ ബസുകൾ ക്രമാനുഗതമായി മാറ്റി ഹരിത വാഹനങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമാണ് പദ്ധതി. നിലവിൽ 50 ബസുകളാണ് കെ എസ് ആർടിസി സിറ്റി സർവീസിലുള്ളത്. 113 ബസുകൾ കൂടി വരുന്നതോടെ നഗരത്തിലെ എല്ലാ പ്രദേശങ്ങളിലേക്കുമുള്ള യാത്ര പൂർണമായി ഹരിതവാഹനങ്ങളിൽ തന്നെയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

