മോദി പരാമര്‍ശ കേസില്‍ നേരിട്ട് ഹാജരാകേണ്ട; നിർദ്ദേശം നൽകി കോടതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസ നടപടി. മോദി പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ രാഹുൽഗാന്ധി നേരിട്ട് ഹാജരാകണ്ടെന്ന് ജാർഖണ്ഡ് ഹൈക്കോടതി നിർദ്ദേശം നൽകി. സിറ്റിംഗ് എം പി എന്ന നിലയിലുള്ള തിരക്ക് കണക്കിലെടുത്താണ് കോടതിയുടെ നടപടി.

നേരിട്ട് ഹാജരാകണമെന്ന റാഞ്ചി കോടതി ഉത്തരവിനെതിരെയുള്ള അപ്പിലീലാണ് കോടതി ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. മോദി പരാമർശ കേസുമായി ബന്ധപ്പെട്ട അയോഗ്യത നീങ്ങിയതോടെ രാഹുൽ വയനാട് എംപി സ്ഥാനത്ത് തിരിച്ചെത്തി. രാഹുലിനെ രണ്ട് വർഷത്തേക്ക് ശിക്ഷിച്ച ഗുജറാത്ത് മജിസ്‌ട്രേറ്റ് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെയാണ് രാഹുലിന്റെ അയോഗ്യത നീങ്ങിയത്.

അതേസമയം, രാഹുൽ ഗാന്ധിയെ പാർലമെന്റിലെ പ്രതിരോധ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തി. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെയാണ് പ്രതിരോധ വകുപ്പിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ നിന്നും രാഹുൽ ഒഴിവാക്കപ്പെട്ടത്.