മൂവാറ്റുപുഴ : ഭൂപതിവ് ചട്ട ലംഘനം നടത്തി കുഴൽ നാടൻ എം എൽ എ റിസോർട്ട് നിർമിച്ചുവെന്ന ആരോപണത്തിൽ സമരത്തിന് ഒരുങ്ങുകയാണ് ഡി വൈ എഫ് ഐ. റവന്യു വിഭാഗം അദ്ദേഹത്തിന്റെ കുടുംബവീട്ടിൽ ഇന്ന് സർവേയും നടത്തുന്നുണ്ട്. തന്റെ ഭാഗത്ത് തെറ്റില്ലാത്തതിനാൽ ഇതിനെയെല്ലാം ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നതായി എം എൽ എ വ്യക്തമാക്കി.
കുടുംബ വീട്ടിൽ അമ്മയും സഹോദരിയും താമസിക്കുന്നതിനാൽ അവരെ ബുദ്ധിമുട്ടിക്കരുതെന്ന് റവന്യു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. ആരോപണം ഉയർന്ന ശേഷമുള്ള ഡി വൈ എഫ് ഐ യുടെ പ്രത്യക്ഷ സമരമാണ് ഇന്ന് നടക്കുന്നത്. കച്ചേരി താഴത്തുള്ള പാർട്ടിയുടെ ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് തുടങ്ങി കുഴൽ നാടന്റെ ഓഫീസ് വരെയാണ് മാർച്ച് നടത്തുന്നത് . ഇതുമായി ബന്ധപ്പെട്ടുള്ള തുടർ സമരങ്ങളുടെ പ്രഖ്യാപനം മാർച്ചിൽ ഉണ്ടാകുമെന്ന് ഡി വൈ എഫ് ഐ അറിയിച്ചിട്ടുണ്ട്.
സംഘടനയുടെ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന മാർച്ചിൽ അക്രമം ഉണ്ടാകില്ലെന്ന് ഡി വൈ എഫ് ഐ അറിയിച്ചിട്ടുണ്ടെങ്കിലും പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മാത്യു കുഴൽനാടനെ പൂട്ടാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്നാണ് എറണാകുളം ജില്ലാ സെക്രട്ടറി മോഹനൻ നടത്തിയ വാർത്ത സമ്മേളനത്തിലൂടെ മനസിലാകുന്നത്. വീട് വയ്ക്കാനുള്ള സ്ഥലത്ത് എം എൽ എ റിസോർട്ട് പണിതെന്നും അദ്ദേഹത്തിന്റെ ബിസ്സിനസ്സ് പങ്കാളികൾ ബിനാമികളാണെന്നതടക്കമുള്ള ആരോപണമാണ് സി പി എം ഉന്നയിക്കുന്നത്.

