ന്യൂ ഡൽഹി : സ്വാതന്ത്ര്യദിനാഘോഷത്തെ തുടർന്ന് ചെങ്കോട്ടയിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ വിട്ടു നിന്നിരുന്നു. അദ്ദേഹത്തിന് അസുഖമായിരുന്നതിനാലാണ് ചടങ്ങിൽ പങ്കെടുക്കാത്തത് എന്ന് കോൺഗ്രസ് വ്യക്തമാക്കിയെങ്കിലും കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കുന്ന ഒരു വീഡിയോ ഗാർഗെ ഇന്ന് പുറത്തു വിട്ടു. കുറച്ചുവർഷമായി മാത്രമാണ് ഇന്ത്യ വികസിക്കുന്നതെന്ന ഒരു കൂട്ടം ആളുകളുടെ ധാരണ തെറ്റാണെന്നാണ് ഗാർഗെ വീഡിയോയിൽ പറയുന്നത്.
ഇന്ത്യ എന്ന മഹാരാജ്യത്തെ കെട്ടിപ്പടുക്കുന്നതിന് മുൻ പ്രധാനമന്ത്രിമാർ വഹിച്ച പങ്കും കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രതിപക്ഷത്തെ വേട്ടയാടുന്ന നിലപാടും ഗാർഗെ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ഇന്ത്യയെ വളർത്തിയെടുക്കുന്നതിൽ മൻമോഹൻ സിംഗ്, പി വി നരസിംഹ റാവു, മഹാത്മാഗാന്ധി എന്നിവർ വഹിച്ച പങ്കിനെയും കോൺഗ്രസ് അധ്യക്ഷൻ വിശദമാക്കുന്നുണ്ട്. വാജ്പേയിയെ പോലുള്ള പ്രധാനമന്ത്രി വരെ വികസനത്തിന് നേതൃത്വം നൽകിയിട്ടുണ്ടെന്നും ഒരുകൂട്ടം ആളുകൾ പ്രചരിപ്പിക്കുന്നത് പോലെ വികസനം ഇന്ത്യയ്ക്ക് അടുത്തകാലത്ത് ഉണ്ടായതല്ലെന്നും ഗാർഗെ വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനായി സിബിഐ, ആദായനികുതി വകുപ്പ്, ഇ ഡി തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുണ്ട്.
ജനാധിപത്യം, ഭരണഘടന, സ്വയംഭരണ സ്ഥാപനങ്ങൾ ഇവയെല്ലാം ഇന്ത്യയിൽ ഭീഷണി നേരിടുകയാണ്. ഇന്ത്യയെ ആത്മ നിർഭർ ഭാരത് ആക്കിയത് ഇന്ദിരാഗാന്ധിയുടെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും നയങ്ങളാണ്. എന്നാൽ ആ ആശയങ്ങൾ ഇപ്പോൾ ബിജെപി ഉയർത്തി കൊണ്ടുവന്ന് തങ്ങളുടെതാണെന്നാക്കി മാറ്റുന്നു. പഴയ നിയമങ്ങളിൽ മാറ്റം കൊണ്ടു വരുന്നു. വീഴ്ചകൾ മറച്ചുവെക്കാനായി അച്ചേ ദിൻ എന്നും അമൃത് കാൽ എന്നും പേരുകൾ മാറ്റി നൽകുന്നുവെന്നുമാണ് ഗാർഗെ വിമർശിച്ചത്.

