ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന സൂചന നൽകി ഭർത്താവ് റോബർട്ട് വാദ്ര രംഗത്തെത്തി. പാർലമെന്റിൽ നന്നായി പ്രകടനം കാഴ്ച വെക്കാൻ പ്രിയങ്കയ്ക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് റോബർട്ട് വദ്ര ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ലോക്സഭ എംപിയാകാനുള്ള എല്ലാ യോഗ്യതയും പ്രിയങ്കക്കുണ്ട്. കോൺഗ്രസ് പാർട്ടി പ്രിയങ്കയെ അംഗീകരിക്കുകയും അതിനുള്ള നടപടികൾ ആവിഷ്‌കരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർലമെന്റിൽ സംസാരിക്കവെ സ്മൃതി ഇറാനി ഗൗതം അദാനിക്കൊപ്പമുള്ള തന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ കുറിച്ചും വാദ്ര സംസാരിച്ചു. താൻ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുന്നയാളാണെന്നും എന്നാൽ തന്റെ പേരിൽ എന്തെങ്കിലും ഉന്നയിക്കുന്നുണ്ടെങ്കിൽ അത് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ സഖ്യത്തിൽ പ്രതീക്ഷയുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. ഇന്ത്യ എന്നത് വളരെ നല്ല പേരായി തനിക്ക് തോന്നുന്നു. തങ്ങൾ ഇന്ത്യയെ ഇനിയും മഹത്തരമാക്കാൻ പോവുകയാണ്. ബിജെപി സർക്കാർ ഇന്ത്യയെ പൂർണമായും നശിപ്പിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ കൂടുതൽ മികച്ചതാക്കാനും മതേതരത്വമുള്ളതാക്കാനും കൂടുതൽ പുരോഗമനപരമാക്കാനും വീണ്ടും ഐക്യപ്പെടാനും രാജ്യത്തെ പൗരന്മാർ അവസരം നൽകുമെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

