ചെന്നൈ: നീറ്റ് എന്ന തടസം ഇല്ലാതാകുമെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആത്മഹത്യാ പ്രവണതകൾ ഉണ്ടാകരുത്. ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കണം. ഒരു കാരണവശാലും ജീവനെടുക്കാൻ ഒരു വിദ്യാർത്ഥിയും തീരുമാനമെടുക്കരുതെന്ന് താൻ അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും. ഇതിനുള്ള നിയമപരമായ നടപടികൾക്കായി സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയ മാറ്റങ്ങൾ വരുമ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ നീറ്റ് എന്ന തടസ്സം ഇല്ലാതാകുമെന്നും അപ്പോൾ, താൻ ഒപ്പിടില്ല എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവർണർ ആർഎൻ രവിയുടെ പരാമർശത്തിനെതിരെയായിരുന്നു സ്റ്റാലിൻ ഇക്കാര്യം അറിയിച്ചത്. ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ 2021-ലാണ് തമിഴ്‌നാട് സർക്കാർ നിയമസഭയിൽ പാസാക്കിയത്.

