എല്ലാവരെയും സഹോദരങ്ങളായാണ് രാഹുൽ ഗാന്ധി കാണുന്നത്; ഫ്‌ളയിങ് കിസ് വിവാദത്തിൽ കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഫ്‌ളയിങ് കിസ് നൽകിയെന്ന ലോക്‌സഭാ വനിതാ എംപിമാരുടെ പരാതിയിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്ത്. പാർലമെന്റിലെ ട്രഷറി ബെഞ്ചിനു നേർക്കാണ് രാഹുൽ ആംഗ്യം കാണിച്ചതെന്നും ഏതെങ്കിലും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ല അത് ചെയ്തതെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

സ്മൃതി ഇറാനിക്ക് നേരെയോ ഏതെങ്കിലും ഒരു പ്രത്യേക എംപിക്കോ മന്ത്രിക്കോ നേരെയോ അദ്ദേഹം ആംഗ്യം കാണിച്ചിട്ടില്ല. എല്ലാവരെയും സഹോദരങ്ങളായാണ് രാഹുൽ ഗാന്ധി കാണുന്നത്. രാഹുലിന്റെ ആംഗ്യത്തിനു പിന്നിൽ മോശമായി ഒന്നുമില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മണിപ്പുർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയെന്നാണ് ബിജെപി ആരോപിക്കുന്നത്. സ്മൃതി ഇറാനിയാണ് സഭയിൽ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പാർലമെന്റിൽ സ്ത്രീകളുടെ സീറ്റുകളിലേക്ക് നോക്കി ഫ്‌ളൈയിങ് കിസ് നടത്താൻ സ്ത്രീ വിരുദ്ധനായ ഒരാൾക്ക് മാത്രമേ സാധിക്കൂവെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. തനിക്ക് മുമ്പായി സംസാരിക്കാൻ അവസരം ലഭിച്ചയാൾ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു. പാർലമെന്റിലെ വനിതാ അംഗങ്ങൾ ഇരിക്കുന്നതിന് നേരെ ഒരു ഫ്‌ളൈയിങ് കിസ് നൽകാൻ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാർലമെന്റിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി.