ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുന:സ്ഥാപിക്കാൻ വൈകുന്നതിനെതിരെ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. രാഹുലിന്റെ ലോക്‌സഭാ അംഗത്വം പുന:സ്ഥാപിക്കാൻ വൈകുന്നത് എന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു. രാഹുലിന്റെ സാന്നിധ്യം ബിജെപിയെ ഭയപ്പെടുത്തുന്നുണ്ടോയെന്നും അയോഗ്യനാക്കാനുള്ള തിടുക്കം ഇപ്പോൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
മോദി പരാമർശത്തിൽ രാഹുലിന്റെ അയോഗ്യത സുപ്രീംകോടതി നീക്കിയിരുന്നു. എന്നാൽ ലോക്‌സഭാ അംഗത്വം ഇതുവരേയും പുനസ്ഥാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. അതേസമയം, ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെയും സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. കർണാടകയും പശ്ചിമ ബംഗാളും പോലെയുള്ള സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെ ശക്തമായി പ്രതിരോധിക്കുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു.
എല്ലാവർക്കും ഹിന്ദി അംഗീകരിക്കേണ്ടി വരുമെന്ന് പ്രസ്താവന നടത്തിയ അമിത് ഷായ്ക്ക് 1965 ലെ പ്രക്ഷോഭം ഓർമ്മപ്പെടുത്തിയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടത്തരുത്. അങ്ങനെയൊരു നീക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അത് വിവേക ശൂന്യമായ നീക്കമാകും. 1965 ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ കനൽ ആളിക്കത്തിക്കരുത്. തമിഴ് ഭാഷയെ അടിമയാക്കാൻ അനുവദിക്കില്ല. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമുണ്ടായാൽ തമിഴ്നാട് അത് ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

