ഓണകിറ്റ് തങ്ങൾക്ക് ഒരു രീതിയിലും ലാഭമല്ലെന്ന് വ്യക്തമാക്കി വ്യാപാരികൾ

കോട്ടയം : ഓണത്തിന് കിറ്റ് നിർമിക്കാൻ പണം വാങ്ങിയ വ്യാപാരികളും കുടുംബശ്രീ ഗ്രൂപ്പുകളും സാധനങ്ങളുടെ വിലക്കയറ്റത്തിൽ നെട്ടോട്ടമോടുകയാണ്. ഓരോ പലചരക്ക് ഉല്പന്നങ്ങൾക്കും 40% വില കൂടിയ സാഹചര്യത്തിൽ എങ്ങനെ കിറ്റ് ഒരുക്കുമെന്ന ആശങ്കയിലാണവർ. ഓണത്തിന് ശേഷമോ മുമ്പോ ആഴ്ചയിലോ മാസത്തിലോ നിശ്ചിത തുക ആളുകളിൽ നിന്ന് വാങ്ങി ഓണക്കാലത്ത് കിറ്റ് നൽകുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. വ്യാപാരികളും അയൽകൂട്ടങ്ങളും വർഷങ്ങളായി ഇത്തരത്തിൽ കിറ്റ് നൽകി വരുന്നുണ്ട്. പലരിൽ നിന്ന് തുക ഈടാക്കുന്നത് കൊണ്ട് തന്നെ മുഴുവൻ തുക ലക്ഷങ്ങൾ കടക്കും.

ഇതിലൂടെ ചെറിയ ലാഭം ലഭിക്കുന്നതും വർഷങ്ങൾ മുഴുവൻ ചെലവഴിക്കാമെന്നതുമാണ് വ്യാപാരികളുടെ നേട്ടം. ഓണത്തിന് ഒരുമിച്ച് പൈസ ഇല്ലാതെ തന്നെ വിഭവ സമൃദ്ധമായ സദ്യ ഒരുക്കാമെന്നതാണ് ഇതിലൂടെ സാധനങ്ങൾ വാങ്ങുന്നവർക്ക് കിട്ടുന്ന നേട്ടം. എന്നാൽ നിത്യോപയോഗ സാധങ്ങളുടെ വില കുതിച്ച് പാഞ്ഞതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഓണകിറ്റ് നൽകുമെന്നും സപ്ലൈകോയിലൂടെ സാധനങ്ങൾക്ക് സബ്‌സിഡി നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകുന്നുണ്ടെങ്കിലും സാമ്പത്തിക ബാധ്യതയുള്ള സർക്കാർ എങ്ങനെ വ്യാപാരികളെ സഹായിക്കുമെന്നുള്ളതാണ് ആശങ്കയുണർത്തുന്നത്.