പ്രതിപക്ഷ കക്ഷികളുടെ മുന്നണിക്ക് ‘ഇന്ത്യ’ എന്നു പേരിട്ട വിഷയം; നോട്ടീസ് അയച്ച് കോടതി

ന്യൂഡൽഹി: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 26 പ്രതിപക്ഷ കക്ഷികളുടെ മുന്നണിക്ക് ‘ഇന്ത്യ’ എന്നു പേരിട്ട വിഷയത്തിൽ നോട്ടീസ് അയച്ച് കോടതി. ഡൽഹി ഹൈക്കോടതിയാണ് നോട്ടിസയച്ചത്. കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പു കമ്മീഷനും അഭിപ്രായം അറിയിക്കണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ഗിരീഷ് ഭരദ്വാജ് എന്ന വ്യക്തി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് നടപടി. ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തെ തുടർന്നാണ് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചത്.

ഇന്ത്യയെന്ന പേരുപയോഗിക്കുന്നതിനെതിരെ കമ്മിഷനു നൽകിയ നിവേദനത്തിൽ നടപടിയുണ്ടായില്ലെന്നാണ് പൊതുതാതാപര്യ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഹർജിയിൽ തീരുമാനമാകുന്നതു വരെ ഇന്ത്യയെന്നു ഉപയോഗിക്കുന്നതു വിലക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. ഒക്ടോബർ 21ന് ഹർജി വീണ്ടും പരിഗണിക്കും.