രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കുന്ന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി

ന്യൂ ഡൽഹി : അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കണ്ടെത്തിയ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. മോദി കുടുംബ പേര് പരാമർശവുമായി ബന്ധപ്പെട്ട സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ് വന്നത്. ഇതോടെ രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനത്തിന്റെ അയോഗ്യത നീങ്ങി ശിക്ഷ വിധി സ്റ്റേ ചെയ്യും. രാഹുൽ ഗാന്ധിക്ക് ലോക് സഭ എം പി സ്ഥാനം തിരികെ ലഭിക്കുന്നതിനുള്ള ഉത്തരവ് ലോക് സഭ സെക്രട്ടറിയേറ്റ് ഉടൻ പ്രഖ്യാപിക്കും. ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമായിരുന്നു കോടതിയുടെ ഉത്തരവ്.

രണ്ട് കൂട്ടർക്കും 15 മിനിറ്റ് സമയമാണ് കേസ് വാദിക്കുന്നതിന് കോടതി നൽകിയത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് രാഹുൽ ഗാന്ധി അപ്പീലുമായി സുപ്രീം കോടതിയിൽ പോയത്. രാഹുൽ ഗാന്ധിക്കായി അഭിഭാഷകൻ മനു അഭിഷേക് സ്വിൻഗിയാണ് കോടതിയിൽ ഹാജരായത്. ഗുജറാത്തിലെ ബി ജെ പി എം എൽ എ പൂർണേഷ് മോദിയായിരുന്നു അപകീർത്തി കേസിന്റെ പരാതി നൽകിയത്. 2019 ൽ ഉണ്ടായ മോദി പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.