ശബരിമല വിഷയത്തിൽ നമ്മൾ തല്ലു കൊണ്ടിട്ടും നേട്ടം കിട്ടിയത് ചിലർക്കാണ് ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : ശബരിമല പ്രക്ഷോഭത്തിന് സമാനമായ അന്തരീക്ഷം ഷംസീറിന്റെ പ്രസംഗത്തോടെ കേരളത്തിൽ ഉടലെടുത്തെന്ന് കെ സുരേന്ദ്രൻ. സ്ത്രീകൾ പ്രക്ഷോഭത്തിന് ഇറങ്ങാൻ തയ്യാറാകണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആഹ്വാനം ചെയ്തു. ശബരിമല വിഷയൽ നമ്മൾ തല്ലു കൊണ്ടിട്ട് നേട്ടം മറ്റ് ചിലർ സ്വന്തമാക്കി. ഇത്തവണ ആ സാഹചര്യത്തെ ഉണ്ടാക്കരുത് എന്നിങ്ങനെയായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ. കോഴിക്കോട് നടന്ന മഹിള മോർച്ച സംസ്ഥാന സമിതി യോഗത്തിൽ പ്രസംഗിക്കവെയാണ് സുരേന്ദ്രൻ ഇത്തരത്തിൽ പ്രതികരിച്ചത്.

ഈ യോഗത്തിന് ശേഷം കാസർഗോഡ് മാധ്യമങ്ങളെ കണ്ട ബി ജെ പി സംസ്ഥാന അധ്യക്ഷൻ സി പി എമ്മിന്റെ മാപ്പ് പറയാത്ത നിലപാട് ധിക്കാരമാണെന്ന് ആരോപിച്ചു. ആസൂത്രിത മായ ഹിന്ദു വേട്ടയാണ് ഷംസീർ ചെയ്തതെന്നും ഇതിന് മുഖ്യമന്ത്രി പ്രതികരണം നടത്തിയേ തീരുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഗോവിന്ദൻ ഗണപതി മിത്താണെന്ന പരാമർശം മാറ്റി അല്ലാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിരിക്കുകയാണ്. ദില്ലിയിൽ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് അല്ലാഹുവും ഗണപതിയിലും ഉള്ള വിശ്വാസത്തെ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് ഗോവിന്ദൻ പറഞ്ഞത്.