ന്യൂഡൽഹി: എം ടി വാസുദേവൻ നായരുടെ നോവലുകളായ രണ്ടാമൂഴത്തിന്റെയും നാലുകെട്ടിന്റെയും ഇംഗ്ലീഷ് പരിഭാഷ സമ്മാനമായി അയച്ചു കിട്ടിയ സന്തോഷം പങ്കിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എം.ടിയുടെ കൃതികളിലൂടെ കേരളത്തെ കൂടുതൽ അറിയാൻ പോവുകയാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. എം ടി വാസുദേവൻ നായർ എന്ന ‘യഥാർത്ഥ മാസ്റ്റർ’ തനിക്ക് നൽകിയ ഈ സമ്മാനങ്ങൾ താൻ ശരിക്കും വിലമതിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
തന്റെ പ്രിയപ്പെട്ട കേരളത്തെക്കുറിച്ച് കൂടുതൽ വായിക്കാനും അറിയാനും ആവേശമുണ്ടെന്നും രാഹുൽ ഗാന്ധി അറിയിച്ചു. കോട്ടയ്ക്കലിൽ ആയുർവേദ ചികിത്സയ്ക്കായി എത്തിയപ്പോൾ രാഹുൽ ഗാന്ധി എം.ടി വാസുദേവൻ നായരെ കണ്ടിരുന്നു. സ്നേഹസമ്മാനമായി ഒരു പേന അന്ന് എം.ടി രാഹുലിന് നൽകുകയും ചെയ്തു. ഈ കൂടിക്കാഴ്ച്ചക്കിടെ തന്റെ രചനകളുടെ ഇംഗ്ലീഷ് പരിഭാഷകൾ അയച്ചുതരുമെന്ന് എംടി രാഹുലിനോട് പറഞ്ഞിരുന്നു.

