തൃശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി ആരോഗ്യ സർവകലാശാല. തൃശൂർ ആരോഗ്യ സർവകലാശാലയിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് വന്ദനാ ദാസിന് മരണാന്തര ബഹുമതിയായി എംബിബിഎസ് നൽകി. വന്ദനയുടെ മാതാപിതാക്കൾ മോഹൻദാസും വസന്തകുമാരിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നാണ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. കരഞ്ഞുകൊണ്ടാണ് ഇരുവരും സർട്ടിഫിക്കറ്റ് വാങ്ങിയത്.
അതേസമയം, വന്ദനയുടെ മാതാപിതാക്കളെ ഗവർണർ ആശ്വസിപ്പിച്ചു. ജോലിയോടുള്ള ആത്മാർത്ഥമായ സമീപനം ഉണ്ടായിരുന്ന കുട്ടിയായിരുന്നു വന്ദനയെന്ന് ഗവർണർ പറഞ്ഞു. ഇനി ആർക്കും ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് വന്ദനാദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതിയാണ് വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്.

