10 കോടി രൂപയുടെ അവശ്യസാധനങ്ങൾ അയക്കാം; മണിപ്പൂരിന് സഹായ വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: മണിപ്പൂരിന് സഹായ വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പത്തു കോടി രൂപയുടെ അവശ്യ സാധനങ്ങൾ അയക്കാം എന്ന് അറിയിച്ച് മണിപ്പൂർ മുഖ്യമന്ത്രിക്ക് സ്റ്റാലിൻ കത്ത് നൽകിയിട്ടുണ്ട്. മണിപ്പൂർ അനുവദിച്ചാൽ സഹായം നൽകുമെന്നാണ് അദ്ദേഹം കത്തിൽ പറഞ്ഞിരിക്കുന്നത്.

സംസ്ഥാനത്തെ അസാധാരണ സാഹചര്യത്തിൽ സഹായം നൽകാൻ തമിഴ്‌നാട് തയ്യാറാണെന്നും കത്തിൽ വിശദമാക്കിയിട്ടുണ്ട്. അതേസമയം, മണിപ്പുർ വിഷയവുമായി ബന്ധപ്പെട്ട പ്രതിപക്ഷ പാർട്ടികളുടെ ആശങ്ക കേൾക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അഭ്യർഥന രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. ബുധനാഴ്ച പ്രതിപക്ഷ എംപിമാരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. മണിപ്പുരിലെ അക്രമം ആശങ്കാജനകമാണെന്നും ഇതു പരിഹരിക്കാൻ രാഷ്ട്രപതിയുടെ ഇടപെടൽ വേണമെന്നും നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

21 അംഗ പ്രതിപക്ഷ എംപിമാരുടെ സംഘം മണിപ്പൂരിൽ സന്ദർശനം നടത്തിയിരുന്നു. രണ്ട് ദിവസം സംസ്ഥാനത്തുണ്ടായിരുന്ന സംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സമഗ്രമായ ചർച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചിരുന്നു.