ന്യൂഡൽഹി: ഹണി ട്രാപ്പിൽപ്പെട്ട ശാസ്ത്രഞ്ജൻ നേരിൽ കാണുമ്പോൾ അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട് ചാരവനിതയ്ക്ക് കാണിച്ച് നൽകാമെന്ന് വിശദമാക്കിയതായി ഭീകരവാദ വിരുദ്ധ സ്‌ക്വാഡ്. കേസിലെ അന്വേഷണ റിപ്പോർട്ടിലാണ് ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സാറ ദാസ്ഗുപ്ത എന്ന പേരിൽ ഡിആർഡിഒ ശാസ്ത്രഞൻ ഹണി ട്രാപ്പിൽ പെടുത്തിയ ചാരവനിതയോട് വാട്ട്‌സ് ആപ്പ് ചാറ്റ് സുരക്ഷിതമല്ലെന്ന് വിശദമാക്കിയാണ് പ്രദീപ് കുരുൽക്കർ ഇത്തരമൊരു വാഗ്ദാനം നൽകിയത്.
പൂനെ പ്രത്യേക കോടതിയിലാണ് എടിഎസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വിവരത്തിന്റെ രഹസ്യ സ്വഭാവത്തേക്കുറിച്ച് പ്രദീപിന് ബോധ്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രഹ്‌മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങൾ ഇയാൾ പാക് ചാരയ്ക്ക് കൈമാറിയതായി കുറ്റപത്രത്തിലുണ്ട്. പാക് ചാര വനിത നൽകിയ സോഫ്റ്റ് വെയറുകൾ കുരുൽക്കർ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ ജൂൺ മൂന്നിനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെയാണ് എടിഎസിന് പരാതി ലഭിച്ചത്. അറുപത് വയസുകാരനായ കുരുൽക്കർ യുവതിയോട് അടുപ്പം സ്ഥാപിക്കുന്നതിന് വേണ്ടി നിർണായകമായ വിവരങ്ങൾ അവർക്ക് കൈമാറിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ചാര വനിത കുരുൽക്കറുമായി അടുപ്പം സ്ഥാപിച്ചത് യുകെയിൽ ജോലി ചെയ്യുന്ന സോഫ്റ്റ് വെയർ എഞ്ചിനീയറെന്ന് പരിചയപ്പെടുത്തിയാണ്. തന്റെ ചിത്രങ്ങളും വീഡിയോകളും ഇവർ കുരുൾക്കറിന് അയച്ചു നൽകിയിരുന്നു. മെറ്റിയോർ മിസൈൽ, ബ്രഹ്‌മോസ് മിസൈൽ, റഫാൽ, ആകാശ്, അസ്ത്ര മിസൈൽ സിസ്റ്റംസ്, അഗ്‌നി – 6 മിസൈൽ ലോഞ്ചർ എന്നിവയെക്കുറിച്ചെല്ലാം ഇയാൾ ചാര വനിതയ്ക്ക് വിവരം നൽകിയിരുന്നു.