സംസ്ഥാനത്തെ പല സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ; ആരോപണവുമായി ഐ ജി ലക്ഷ്മൺ

കൊച്ചി : സംസ്ഥാനത്തെ മിക്ക സാമ്പത്തിക ഇടപാടുകളിലും മധ്യസ്ഥ വഹിക്കാനും അതിനെ നിയന്ത്രിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രത്യേക സംഘമുണ്ടെന്ന് ഐ ജി ഗുഗുലോത്ത് ലക്ഷ്മൺ. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇദ്ദേഹം ഇത്തരമൊരു ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് തനിക്കെതിരെ കേസെടുത്ത നടപടിക്ക് പിറകിൽ കളിക്കുന്നത് പോലും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രത്യേക അതോറിറ്റിയാണെന്ന് ഐ ജി അഭിപ്രായപ്പെട്ടു.

ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നതിന് തിങ്കളാഴ്ച്ച എത്തണമെന്ന് ലക്ഷ്മണിന് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ കേസിൽ ആദ്യം തന്റെ പേര് ഇല്ലായിരുന്നുവെന്നും എന്നിട്ടും തന്നെ നിയമ വിരുദ്ധമായി പ്രതി ചേർത്തെന്നും ഈ സാഹചര്യത്തിൽ തനിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി പരിഗണിച്ച ജസ്റ്റിസ് വിജയ രാഘവൻ സർക്കാരിന്റെ നിലപാട് തേടിയ ശേഷം ഓഗസ്റ്റ് 11 ന് കേസ് പരിഗണിക്കുമെന്ന് പറഞ്ഞിരിക്കുകയാണ്. നേരത്തെ ഈ കേസിൽ ലക്ഷ്മണിന് ഹൈക്കോടതി ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു