ശ്രീനഗർ: നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം കശ്മീർ തെരുവുകളിലൂടെ മുഹറം ഘോഷയാത്ര സംഘടിപ്പിച്ചു. ഷിയ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്രയാണ് വ്യാഴാഴ്ച നടന്നത്. ഗുരുബസാറിൽ മുതൽ ദാൽഗട്ടേ വരെയാണ് യാത്ര നടന്നത്. ലാൽ ചൗക്കിലൂടെയാണ് ഘോഷയാത്ര കടന്നുപോയത്.
അതേസമയം, മുഹറം ഘോഷയാത്ര സമാധാനപരമായി നടന്നതിൽ സന്തോഷം പ്രകടിപ്പിച്ച് ഗവർണർ മനോജ് സിൻഹ രംഗത്തെത്തി. കശ്മീർ തെരുവുകളിലെ അക്രമസംഭവങ്ങൾ ഇന്ന് വെറും പഴങ്കഥയാണെന്നും ജനങ്ങൾ സമാധാനത്തോടെയാണ് ഇവിടെ കഴിയുന്നതെന്നും മനോജ് സിൻഹ വ്യക്തമാക്കി. ഷിയ വിഭാഗത്തിലുള്ളവർ വ്യാഴാഴ്ച രാവിലെയോടെ ഗുരുബസാറിൽ അണിനിരക്കുകയും പിന്നീട് ബുദ്ഷാ ചൗക്ക്, എംഎ റോഡ് എന്നിവ വഴി ദാൽ ഗേറ്റിലേക്ക് എത്തുകയായിരുന്നു.
ഘോഷയാത്രയിൽ ഏകദേശം 25000 പേരാണ് പങ്കെടുത്തത്. വളരെ അച്ചടക്കത്തോടെയാണ് റാലി സംഘടിപ്പിച്ചതെന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു. കഴിഞ്ഞ 33 വർഷമായി മുടങ്ങിക്കിടന്ന ഘോഷയാത്രയാണ് ഇപ്പോൾ പുനരാരംഭിച്ചത്. സമാധാനപരമായി തന്നെ ഘോഷയാത്ര പുനരാരംഭിക്കാൻ കഴിഞ്ഞെന്ന് എഡിജി പറഞ്ഞു. അതേസമയം ഈ ചരിത്രപരമായ തീരുമാനത്തോടൊപ്പം നിന്ന എല്ലാ ഉദ്യോഗസ്ഥൻമാർക്കും ഷിയ നേതാക്കൾ നന്ദി അറിയിക്കുകയും ചെയ്തു.

