മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ; 20 എംപിമാർ സന്ദർശനത്തിന്റെ ഭാഗമാകും

ന്യൂഡൽഹി: മണിപ്പൂർ സന്ദർശിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയിലെ 20 എംപിമാർ. ജൂലൈ 29, 30 തീയതികളിൽ മണിപ്പൂർ സന്ദർശിക്കുമെന്നാണ് ലോക്‌സഭയിലെ കോൺഗ്രസ് വിപ്പ് മാണിക്യം ടാഗോർ പാർലമെന്റിനെ അറിയിച്ചിട്ടുള്ളത്. 26 പാർട്ടികളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളോ പാർട്ടി പ്രതിനിധികളോ മണിപ്പൂർ സന്ദർശനത്തിന്റെ ഭാഗമാകും.

മണിപ്പൂരിലെ പ്രശ്‌നബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും പ്രതിനിധി സംഘം സന്ദർശിക്കുന്നതാണ്. നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിൽ സന്ദർശനം നടത്തിയിരുന്നു. ജൂൺ 29, 30 തീയതികളിലാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെ പ്രശ്‌നബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. മണിപ്പൂരിലെ സ്ഥിതി ഹൃദയഭേദകമാണെന്നായിരുന്നു സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധിയുടെ പ്രതികരണം. മണിപ്പൂർ ജനത സഹായത്തിനായി അപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, മണിപ്പൂർ വിഷയത്തിൽ കേന്ദ്രത്തിന്റെ നടപടിക്കെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും രംഗത്തെത്തിയിരുന്നു. കേന്ദ്രം കൂടുതൽ കേന്ദ്രസംഘങ്ങളെ ബംഗാളിലേക്ക് അയക്കുന്നു. എന്നാൽ, എന്തുകൊണ്ടാണ് മണിപ്പൂർ സന്ദർശിക്കാൻ തയാറാകാത്തതെന്നായിരുന്നു മമതയുടെ ചോദ്യം.