സ്ത്രീകളെ വിവസ്ത്രരാക്കി നടത്തിച്ച ശേഷം കൂട്ടബലാത്സംഗത്തനിരയാക്കിയ സംഭവം; അന്വേഷണം നടത്താൻ സിബിഐ

ഇംഫാൽ: മണിപ്പൂരിൽ കുക്കി വിഭാഗക്കാരായ സ്ത്രീകളെ വിവസ്ത്രരാക്കി നടത്തിച്ച ശേഷം കൂട്ടബലാത്സംഗത്തനിരയാക്കിയ കേസിൽ അന്വേഷണം നടത്താൻ സിബിഐ. വിഷയത്തിൽ സിബിഐ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തു.

കേസിലെ വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്ന ആവശ്യവും മന്ത്രാലയം ഉന്നയിക്കും. ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും പിന്നീട് സമീപത്തെ വയലിൽ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. മേയ് നാലിനാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വീഡിയോ പിൻവലിക്കണമെന്ന് ട്വിറ്ററിനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും കേന്ദ്ര സർക്കാർ പിന്നീട് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്.