തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലുളള തലക്കെട്ടുകളൊന്നും ഇടരുത്; സഭാ ടിവിയുടെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് മാദ്ധ്യമങ്ങൾക്ക് മാനദണ്ഡങ്ങളേർപ്പെടുത്തി നിയമസഭ

തിരുവനന്തപുരം: സഭാ ടിവിയുടെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് മാദ്ധ്യമങ്ങൾക്ക് മാനദണ്ഡങ്ങളേർപ്പെടുത്തി നിയമസഭ. സഭാ ടിവിയിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലുളള തലക്കെട്ടുകളൊന്നും ഇടരുതെന്നാണ് നിർദ്ദേശം. നിയമസഭാ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സർക്കാരിനെയോ ജനപ്രതിനിധികളെയോ സഭയെയോ അവഹേളിക്കുന്ന രീതിയിലോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ ഉള്ള ഒന്നും നൽകരുതെന്നും നിർദ്ദേശമുണ്ട്.

സഭാ ടിവിയുടെ വാട്ടർമാർക്കും ലോഗോയും ഒരു കാരണവശാലും എഡിറ്റ് ചെയ്ത് കളയരുത്. വീഡിയോയുടെ തുടക്കം മുതൽ അവസാനം വരെ ഇവ കാണിക്കേണ്ടതാണ്. സഭാ ടിവിയുടെ ദൃശ്യങ്ങൾ ഉപയോഗിക്കുമ്പോൾ കടപ്പാട് വയ്ക്കണം. സഭാ ടിവിയുടെ വീഡിയോകൾക്ക് എഡിറ്റോറിയൽ കണ്ടന്റ് ഉണ്ടായിരിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.