ന്യൂഡൽഹി: തന്റെ മൂന്നാം ടേമിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം താൻ ഉറപ്പു നൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ രാജ്യാന്തര എക്‌സിബിഷൻ – കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യാന്തര എക്‌സിബിഷൻ – കൺവെൻഷൻ സെന്ററിനെ ‘ഭാരത് മണ്ഡപം’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
തന്റെ ഒന്നാം ടേമിൽ സമ്പദ് വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ആദ്യ പത്തിൽ ആയിരുന്നു. തന്റെ രണ്ടാം ടേമിൽ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ട്രാക്ക് റെക്കോർഡിന്റെ അടിസ്ഥാനത്തിൽ, മൂന്നാം ടേമിൽ സമ്പദ് വ്യവസ്ഥ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്ഥാനങ്ങളിൽ ഉൾപ്പെടുമെന്ന് താൻ രാജ്യത്തിന് ഉറപ്പ് നൽകുന്നുവെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. അഞ്ച് വർഷത്തിനിടെ 13.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം അവസാനിക്കാനിരിക്കുകയാണെന്ന് അന്താരാഷ്ട്ര ഏജൻസികളും പറയുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി കൈക്കൊണ്ട തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

