തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിനാണ് അദ്ദേഹം സിപിഎമ്മിനെ വിമർശിച്ചത്. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായത് ഉമ്മൻ ചാണ്ടിയെ വന്യമായ രീതിയിൽ വേട്ടയാടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഉമ്മൻ ചാണ്ടിയെ ആരും വേട്ടയാടിയിട്ടില്ലെന്ന് പ്രചരപ്പിച്ച് സിപിഎം ഉന്നത നേതാക്കൾ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായും വ്യക്തിപരമായും ശാരീരികമായിപ്പോലും സിപിഎം വേട്ടയാടിയ കാര്യങ്ങൾ തുറന്നു പറയാൻ താൻ നിർബന്ധിതനാവുന്നത്. സോളാർ കേസിന്റെ പേരിൽ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളും പ്രക്ഷോഭ നാടകങ്ങളും ആർക്കാണ് മറക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിക്കുന്നു.
ഉമ്മൻ ചാണ്ടിയെ സഭയിലും പുറത്തും വ്യക്തിപരമായി തൊലിയുരിച്ചതിന് കയ്യും കണക്കുമുണ്ടോ? വി എസ് അച്യുതാന്ദൻ നടത്തിയ നിന്ദ്യമായ പ്രയോഗങ്ങൾ കേരളീയ സമൂഹത്തിന് മറക്കാനാകുമോ? എഴുതി തയാറാക്കി കൊണ്ടുവന്ന പ്രസംഗത്തിലാണ് അച്ചുതാനന്ദൻ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ ഹീനമായ അധിക്ഷേപം നടത്തിയത്. സിപിഎം അംഗങ്ങൾ നിയമസഭയുടെ ഡസ്‌ക്കിലടിച്ച് ഇതിനെ പ്രോത്സാഹിപ്പിച്ചു. സിപിഎം നൽകിയ കോടികളുടെയും രാഷ്ട്രീയാഭയത്തിന്റെയും അടിസ്ഥാനത്തിൽ കെട്ടിയുയർത്തിയ നീർക്കുമിള മാത്രമായിരുന്നു സോളാർ കേസ്. 2016ലെയും 2021ലെയും നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം സോളാറായിരുന്നു. യു.എൻ അവാർഡ് വരെ നേടിയ ജനകീയനായ ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ സിപിഎം കണ്ടെത്തിയ മാരകായുധമായിരുന്നു സോളാർ. കേരളം മുഴുവൻ ഉമ്മൻ ചാണ്ടിയെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ നിറച്ചു. 2016ൽ അധികാരമേറ്റ ശേഷവും പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ തുടർച്ചയായി വേട്ടയാടി. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ വരെ ശ്രമിച്ചുവെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
ഉമ്മൻ ചാണ്ടിക്കെതിരേ സോളാറിൽ കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത് 2017 ഒക്ടോബർ 11ന് വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസം രാവിലെയാണ്. ജാമ്യമില്ല വകുപ്പ് ചുമത്തി ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യാനാണ് പിണറായി വിജയൻ ഉത്തരവിട്ടത്. ഉമ്മൻ ചാണ്ടി മുൻകൂർ ജാമ്യം എടുക്കാൻ പോലും തയാറായില്ല. ഡി.ജി.പി രാജേഷ് ദിവാൻ, എ.ഡി.ജി.പിമാരായ അനിൽകാന്ത്, ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ മാറിമാറി അന്വേഷിപ്പിച്ചിട്ടും പിണറായിക്കൊരു ചുക്കും ചെയ്യാനായില്ല. തുടർന്നാണ് സോളാർ കേസിലെ പ്രധാന തട്ടിപ്പുകാരിയും 48 കേസുകളിലെ പ്രതിയുമായ വനിതയെ വിളിച്ചു വരുത്തി വ്യാജപരാതി എഴുതി വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസിന്റെ പേരിൽ സിബിഐ അന്വേഷണം നടത്താൻ 2021 ജനുവരി 24ന് പിണറായി വിജയന്റെ മന്ത്രിസഭ തീരുമാനിച്ചത്. 2021 ഏപ്രിൽ 6നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.
2400 കോടിയുടെ വിഴിഞ്ഞം പദ്ധതിയിൽ 6000 കോടിയുടെ അഴിമതിയാണ് പിണറായി വിജയൻ ഉന്നയിച്ചത്. അധികാരത്തിൽ വന്ന ശേഷം ഉളുപ്പില്ലാതെ പദ്ധതിയുമായി മുന്നോട്ടു പോകുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പോലും ഒരു രൂപ അദാനിയിൽ നിന്ന് സംഭാവന വാങ്ങാൻ മടിച്ച ഉമ്മൻ ചാണ്ടിക്കെതിരേയാണ് പിണറായി വിജയൻ അഴിമതി ആരോപിച്ചതെന്ന് ഓർക്കുന്നതു നല്ലതാണ്. ഉമ്മൻ ചാണ്ടിയോടു കാട്ടിയ സമാനതകളില്ലാത്ത കൊടും ക്രൂരതകൾക്ക് വൈകിയ വേളയിലെങ്കിലും പിണറായി വിജയൻ പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന ആവശ്യവും പിണറായി വിജയൻ മുന്നോട്ടുവെച്ചു.

