ന്യൂഡൽഹി: ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക സംവരണം നൽകാനാകില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. ട്രാൻസ്ജെൻഡേഴ്സിന് ജോലിക്കും തൊഴിലിനും പ്രത്യേക സംവരണം നൽകാനാകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
എന്നാൽ സംവരണ ആനൂകൂല്യമായുള്ള വിഭാഗത്തിൽ പെട്ടവർക്ക് അനൂകൂല്യം ലഭിക്കുന്നതായിരിക്കും. 2014 ൽ ട്രാൻസ്ജെൻഡേഴ്സിന്റെ അവകാശങ്ങളെ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ആഗസ്ത് 18ന് കേസ് സുപ്രീം കോടതി പരിഗണിക്കും.
അതേസമയം, ജയ്പൂർ ഗ്രേറ്റർ മുനിസിപ്പൽ കോർപറേഷൻ ട്രാൻസ്ജെൻഡർ വ്യക്തിയ്ക്ക് ജനന സർട്ടിഫിക്കറ്റ് അനുവദിച്ചു. ആദ്യമായാണ് ഇത്തരത്തിലൊരു ജനന സർട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നതെന്ന് രാജസ്ഥാൻ ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടറും ചീഫ് രജിസ്ട്രാറുമായ ബൻവർലാൽ ബൈർവ അറിയിച്ചിരുന്നു. ഇനി മുതൽ കോർപറേഷന്റെ പോർട്ടലിലെ ജനന റെക്കോർഡുകളിൽ ആൺ, പെൺ വിഭാഗങ്ങൾക്കൊപ്പം ട്രാൻസ്ജെൻഡറുകളും ഉൾപ്പെടുമെന്ന് ചീഫ് രജിസ്ട്രാർ വ്യക്തമാക്കി.

