കണ്ണൂർ: സിപിഎം നേതാവ് പി ജയരാജനെതിരെ പരാതി നൽകി യുവമോർച്ച. തലശ്ശേരിയിലെ കൊലവിളി പ്രസംഗംത്തിൽ പി ജയരാജനെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്കാണ് യുവമോർച്ച പരാതി നൽകിയിരിക്കുന്നത്.
ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജൻ പറഞ്ഞത്. ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്ന് യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയിൽ ആയിരുന്നു പരാമർശം. ഇതിനെതിരെയായിരുന്നു ജയരാജന്റെ വിവാദ പരാമർശം. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു. പരസ്യമായി കൊലവിളി മുഴക്കുന്ന പി ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം അറിയിച്ചു.
ഇതിന് മുമ്പും പലരെയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് പി ജയരാജൻ. വീണ്ടും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ് ജയരാജൻ സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നവരല്ല യുവമോർച്ചക്കാർ. കൊലക്കത്തി താഴെവെക്കാൻ സിപിഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജൻ മലയാളികൾക്ക് നൽകുന്നത്. ഭരണത്തിന്റെ ഹുങ്കിൽ അക്രമ രാഷ്ട്രീയം അഴിച്ചുവിടാൻ ശ്രമിച്ചാൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

