ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയ്ക്ക് അനുമതി നൽകിയിട്ടില്ലാത്തതിനാൽ ഭൂമിയേറ്റെടുക്കൽ പാടില്ലെന്ന് കെ റെയിലിനോട് നിർദ്ദേശം നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമിയേറ്റെടുക്കലിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചതായി അറിയാൻ കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. പാർലമെന്റിൽ ഹൈബി ഈഡന്റെയും കെ മുരളീധരന്റെയും ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു റെയിൽവേ മന്ത്രി.
കെ റെയിലിനായി ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ നടത്താൻ കേരളാ റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് റെയിൽവേ മന്ത്രാലയം ഉപദേശമോ നിർദ്ദേശമോ നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സിൽവർലൈൻ പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ കെ റെയിൽ റെയിൽവേ ബോർഡിന് സമർപ്പിച്ചു. റെയിൽവേ ബോർഡ് ആവശ്യപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കെ റെയിൽ സമർപ്പിച്ചതായും റെയിൽവേമന്ത്രി കൂട്ടിച്ചേർത്തു.

