തലശ്ശേരി : സ്പീക്കർ ഷംസീറിനെതിരെ യുവമോർച്ച നേതാവ് നടത്തിയ ഭീഷണിയിൽ പ്രതികരണവുമായി സി പി എം നേതാവ് പി ജയരാജൻ. ഷംസീറിനെതിരെ കയ്യോങ്ങിയാൽ യുവ മോർച്ച നേതാവിനെ മോർച്ചറിയിലാക്കുമെന്നാണ് സി പി എം നേതാവ് പറഞ്ഞിരിക്കുന്നത്. ഷംസീറിനെ ഒറ്റപ്പെടുത്താമെന്ന വ്യാമോഹം വേണ്ടെന്നും ഇതിനെതിരെ യുവജനതയുടെ ചെറുത്ത് നിൽപ്പ് ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തലശ്ശേരിയിൽ മണിപ്പൂർ ഐക്യ ദാർഢ്യ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ജയരാജന്റെ വിവാദ പരാമർശം. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു എന്നാരോപിച്ച് എ എൻ ഷംസീറിന്റെ ഓഫീസിന് നേരെ യുവമോർച്ച നടത്തിയ മാർച്ചിലായിരുന്നു യുവമോർച്ച നേതാവ് കെ ഗണേശന്റെ ഭീഷണി. ജോസഫ് മാഷിന്റെ കൈ പോയത് പോലെ തന്റെ കൈ പോവില്ലെന്ന വിശ്വാസം എല്ലാ കാലത്തും നടന്ന് പോവില്ലെന്നാണ് ഗണേശൻ പറഞ്ഞത്. ഇതിനെ ഉദ്ധരിച്ചായിരുന്നു ജയരാജന്റെ തിരിച്ചുള്ള പ്രതികരണം.

