സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സർക്കാർ പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നു; വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സുപ്രീംകോടതി. സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സർക്കാർ പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നുവെന്നാണ് സുപ്രീം കോടതിയുടെ വിമർശനം. മുനിസിപ്പൽ, ടൗൺ മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് വനിതാ സംവരണം എന്ന ഭരണഘടനാ പദ്ധതി നടപ്പാക്കാത്ത നാഗാലാൻഡ് സർക്കാരിനെതിരെ നടപടി സ്വീകരിക്കാത്തതിലാണ് കേന്ദ്ര സർക്കാരിനെതിരെ കോടതി വിമർശനം ഉന്നയിച്ചത്.

മറ്റു സംസ്ഥാന സർക്കാരുകൾക്കെതിരെ നിങ്ങൾ കർശന നടപടികൾ കൈക്കൊള്ളുമ്പോൾ സ്വന്തം സർക്കാരുകൾ ഭരണഘടനാ ലംഘനം നടത്തുന്നതിനെതിരെ കേന്ദ്രം ഒന്നു ചെയ്യുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് കൈ കഴുകാനാകില്ലെന്ന് ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് സുധൻഷു ധുലിയ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ മടിച്ചുനിൽക്കുന്നുവെന്ന് തങ്ങളെ കൊണ്ട് പറയിപ്പിക്കരുത്. ഒരു ഭരണഘടനാ വ്യവസ്ഥ നടപ്പിലാക്കാതിരിക്കുമ്പോൾ നിങ്ങൾ എന്തുപങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ നിന്ന് കൈ കഴുകി പോകാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.

മറ്റു സന്ദർഭങ്ങളിൽ നിങ്ങൾക്ക് വഴങ്ങാത്ത മറ്റു സംസ്ഥാന സർക്കാരുകൾക്കെതിരെ നിങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രം ഭരിക്കുന്ന അതേ പാർട്ടി (ബിജെപി) അധികാരത്തിലുള്ള സംസ്ഥാനങ്ങളിലോ, കേന്ദ്രം ഇനി എന്താണ് ചെയ്യാൻ പോകുന്നത്. ഏതായിരുന്നാലും കൈ കഴുകാൻ നിങ്ങളെ അനുവദിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.