രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നാണ് ഉയർന്നുവരേണ്ടത്; ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ അപ്രതീക്ഷിതമായി സന്ദർശനം നടത്തി രാഹുൽ ഗാന്ധി

മലപ്പുറം: ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ അപ്രതീക്ഷിതമായി സന്ദർശനം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മലപ്പുറത്തു നടക്കുന്ന അനുസ്മരണ യോഗത്തിലാണ് രാഹുൽ ഗാന്ധി എത്തിയത്. മലപ്പുറം ഡിസിസിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോട്ടയ്ക്കലിൽ ചികിത്സയിൽ കഴിയുകയായിരുന്നു രാഹുൽ ഗാന്ധി. ഇതിനിടെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത സന്ദർശനം.

രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ നിന്നാണ് ഉയർന്നുവരേണ്ടതെന്നും ഉമ്മൻ ചാണ്ടി അത്തരത്തിൽ ഉയർന്നുവന്ന ഒരാളാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അദ്ദേഹവുമായി പ്രവർത്തിച്ച കുറച്ചുനാളത്തെ അനുഭവമുണ്ട്. ഏറെ മുതിർന്ന നേതാവായിരുന്ന അദ്ദേഹം ധാരാളം മാർഗനിർദേശങ്ങൾ തന്നിട്ടുണ്ടെന്നും കേരളത്തിലെ ജനങ്ങളെ അദ്ദേഹത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ ജീവിതത്തിന്റെ ഈ യാത്രയിൽ ഒരുപാട് അപകടങ്ങളുണ്ട്. അധികാരം നിങ്ങൾക്ക് ദുരുപയോഗപ്പെടുത്താം, അധികാരമുപയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാം. ജനത്തേക്കാൾ വലുതാണു തങ്ങളെന്നു നേതാക്കൾക്കു തോന്നിയേക്കാം. നിങ്ങൾ അഴിമതിയുടെ വഴിയിൽ പോയേക്കാം. കഴിഞ്ഞ കുറച്ചുനാളുകളായി ഞാൻ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു. ഉമ്മൻ ചാണ്ടിക്ക് അസുഖമായിരുന്നുവെന്ന് തനിക്ക് അറിയാം. അദ്ദേഹം എന്നെ വിളിച്ച് യാത്രയുടെ ഭാഗമാകണമെന്നു താൽപര്യം പ്രകടപ്പിച്ചു. എന്നാൽ വേണുഗോപാലിനോടു പറഞ്ഞ് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അന്നത്തെ അവസ്ഥയിൽ യാത്രയുടെ ഭാഗമാവുക എന്നത് അദ്ദേഹത്തിനു ബുദ്ധിമുട്ടാവും എന്നതായിരുന്നു കാരണം. എന്നിരുന്നാലും അദ്ദേഹം എന്നോടൊപ്പം കുറച്ചുദൂരം നടന്നു. ആരുടെയും സഹായമില്ലാതെ നടക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യമെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.