മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണം; കോൺഗ്രസിന് കത്ത് നൽകി അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസിന് കത്ത് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കോൺഗ്രസിന് കത്തയച്ചത്. മല്ലികാർജുൻ ഖാർഗെയ്ക്കും അധിർ രഞ്ജൻ ചൗധരിക്കുമാണ് കത്ത് നൽകിയത്.

മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധമായിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ബിജെപി നേതാക്കൾ രാജസ്ഥാനിലെ ലൈംഗിക അതിക്രമം ചൂണ്ടിക്കാട്ടി ഹ്രസ്വ ചർച്ചയ്ക്ക് നൽകിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ പറഞ്ഞത് വലിയ പ്രതിഷേധത്തിന് കാരണമായി.

അതേസമയം, പ്രധാനമന്ത്രിക്കെതിരെ രാഹുൽഗാന്ധി വിമർശനം ഉന്നയിച്ചു. മോദിക്ക് തങ്ങളെ എന്തുവേണമെങ്കിലും വിളിക്കാം. തങ്ങൾ ഇന്ത്യയാണ്. മണിപ്പൂരിൽ തങ്ങൾ സമാധാനം കൊണ്ടുവരും. സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീർ തുടയ്ക്കും. ഇന്ത്യയെന്ന ആശയത്തെ മണിപ്പൂരിൽ വീണ്ടും പടുത്തുയർത്തുമെന്നും രാഹുൽഗാന്ധി പറഞ്ഞിരുന്നു.