ന്യൂഡൽഹി: മണിപ്പുരിൽ ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. സംസ്ഥാന സർക്കാരാണ് ഇന്റർനെറ്റ് സേവനം പുനരാരംഭിച്ചത്. സ്ഥിര ഐപി കണക്ഷൻ ഉള്ളവർക്ക് മാത്രമേ പരിമിതമായ നിലയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയൂ. കുക്കി-മെയ്ത്തി വിഭാഗങ്ങൾ തമ്മിൽ സംഘർഷം ആരംഭിച്ചതിനെ തുടർന്നാണ് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചത്. രണ്ടര മാസത്തിന് ശേഷമാണ് ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിക്കപ്പെടുന്നത്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് ലഭ്യമാക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങൾക്കും മൊബൈൽ ഇന്റർനെറ്റിനുമുള്ള വിലക്ക് തുടരും. മുഖ്യമന്ത്രി ബീരേൻസിങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിക്കാനുള്ള തീരുമാനം സ്വീകരിച്ചത്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം തുടരുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. സ്റ്റാറ്റിക് ഐപി അല്ലാത്ത മറ്റൊരു കണക്ഷനും ലഭ്യമാകില്ല. അനുമതിയില്ലാത്ത മറ്റു കണക്ഷനുകൾ ഉപയോഗിച്ച് ആരെങ്കിലും ഇന്റർനെറ്റ് സേവനം ഉപയോഗിച്ചാൽ സേവന ദാതാവ് ഉത്തരവാദി ആയിരിക്കുമെന്ന് മണിപ്പുർ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിര ഐപികളെ സർക്കാർ വൃത്തങ്ങൾക്ക് എളുപ്പത്തിൽ നിരീക്ഷിക്കാൻ കഴിയും.
അതേസമയം, വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ സംസ്ഥാനത്ത് ലഭ്യമാകില്ല. സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാൻ കഴിയില്ല.

