ന്യൂഡൽഹി: ചന്ദ്രയാൻ മൂന്നിന്റെ അഞ്ചാം ഭ്രമണപഥം ഉയർത്തി. ഭ്രമണപഥം ഉയർത്തൽ വിജയകരമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാന്റെ അവസാന ഭ്രമണപഥമാണിത്.
ഓഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ഓഗസ്റ്റ് അഞ്ചിനോ ആറിനോ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ചന്ദ്രയാൻ 3 ഓഗസ്റ്റ് 23നാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക.
ചന്ദ്രയാൻ 3 വിക്ഷേപിച്ചത് ജൂലൈ 14നാണ്. ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയാണ് ചന്ദ്രയാൻ 3ൽ ഉള്ളത്. ലാൻഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുകയും 14 ദിവസം അവിടെ പരീക്ഷണം നടത്തുകയും ചെയ്യും. പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ തങ്ങി ഭൂമിയിൽ നിന്ന് വരുന്ന വികിരണങ്ങളെ കുറിച്ച് പഠിക്കും.

