പ്രതിരോധ ഇടപാട്; ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസിൽ തെഹൽക്കയ്ക്ക് തിരിച്ചടി

ന്യൂഡൽഹി: പ്രതിരോധ ഇടപാടുകളിൽ അഴിമതി ആരോപിച്ച് തെഹൽക്ക നടത്തിയ ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസിൽ മാധ്യമ സ്ഥാപനത്തിന് തിരിച്ചടി. സൈനിക ഉദ്യോഗസ്ഥൻ എം എസ് അലൂവാലിയ നൽകിയ അപകീർത്തി കേസിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഡൽഹി കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അപകീർത്തി കേസിൽ മാധ്യമപ്രവർത്തകരായ തരുൺ തേജ്പാൽ, അനിരുദ്ധ ബഹാൽ, മാത്യു സാമുവൽ എന്നിവർ മുൻ മേജർ ജനറൽ എം എസ് അലൂവാലിയയ്ക്ക് 2 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്.

2001 ൽ ഓപ്പറേഷൻ വെസ്റ്റ് എൻഡ് എന്ന പേരിലായിരുന്നു തെഹൽക്ക സ്റ്റിങ് ഓപ്പറേഷൻ നടത്തിയത്. പ്രതിരോധ ഇടപാടുകൾക്കായി അലുവാലിയ കോഴ കൈപ്പറ്റുന്നുവെന്നായിരുന്നു റിപ്പോർട്ടിലെ ആരോപണം. തെഹൽക്ക ഡോട് കോമിലും, സീ ടിവി നെറ്റ് വർക്കിലുമാണ് വാർത്ത സംപ്രേഷണം ചെയ്തത്. മാത്യു സാമുവലിന്റെ സ്റ്റിങ് ഓപ്പറേഷനെ തുടർന്ന് സൈനിക കോടതി അന്വേഷണം നടത്തുകയും മേജർ ജനറൽ അലുവാലിയയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ, അന്നത്തെ സൈനിക മേധാവി തന്റെ വിവേചനാധികാരം ഉപയോഗിച്ച് മേജർ അലുവാലിയയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും, സൈനിക ഉദ്യോഗസ്ഥന് തീർത്തും അനുചിതമായ നടപടിയെന്ന് വിലയിരുത്തുകയും ചെയ്തു.

സ്റ്റിങ് ഓപ്പറേഷനിടെ, അലുവാലിയ ഒരിക്കലും പണം ചോദിച്ചിരുന്നില്ല. ഈ വസ്തുത നിലനിൽക്കെ തെഹൽക്കയും, അതിന്റെ മാധ്യമപ്രവർത്തകരും, ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തിയത് അലുവാലിയയെ അപകീർത്തിപ്പെടുത്താനാണെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ ചൂണ്ടിക്കാട്ടി.

സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ പൊതുമധ്യത്തിൽ താറടിച്ചുകാണിക്കുകയാണ് മാധ്യമ സ്ഥാപനമായ തെഹൽക്ക ചെയ്തതെന്ന് കോടതി വ്യക്തമാക്കി. ഇരുപത്തിമൂന്നു വർഷത്തിനു ശേഷം ഇതിൽ മാധ്യമം ഖേദം പ്രകടിപ്പിക്കുന്നത് അർഥമില്ലാത്തതും ന്യായീകരിക്കാൻ സാധിക്കാത്തതുമാണെന്ന് കോടതി പറഞ്ഞു. അതേസമയം തെഹൽക്കയുമായുള്ള ധാരണ പ്രകാരം വാർത്ത സംപ്രേഷണം ചെയ്ത സീ ടെലിഫിലിംസിനെതിരായ അപകീർത്തി ആരോപണം തെളിയിക്കാനായിട്ടില്ലെന്നും കോടതി കൂട്ടിച്ചേർത്തു.