തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സ്വിഫ്റ്റിന്റെ പുത്തൻ ബസുകൾ ഈടുവെച്ച് വായ്പയെടുക്കാൻ പദ്ധതിയിടുന്നു. സർക്കാർ അനുവദിച്ചാൽ മാത്രമേ ബസുകൾ ഈടുവെച്ച് വായ്പ വാങ്ങാൻ കഴിയൂ. സർക്കാർ സഹായധനത്തിൽ വാങ്ങിയ 280 കോടി രൂപയുടെ ബസുകളാണ് സ്വിഫ്റ്റിനുള്ളത്. ഇത് പണയപ്പെടുത്തി 200 കോടി രൂപയെങ്കിലും സമാഹരിച്ചാൽ കെഎസ്ആർടിസിയിലെ ശമ്പളക്കുടിശ്ശിക പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർക്കാർ വാഗ്ദാനം ചെയ്ത പ്രതിമാസ സഹായമായ 50 കോടി രൂപ വൈകുന്നതും വിഹിതം കുറയുന്നതുമാണ് കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം. ഏപ്രിൽ, മേയ്, ജൂൺ, ജൂലായ് മാസങ്ങളിൽ 30 കോടി രൂപവീതമാണ് അനുവദിച്ചത്. ഇതിൽ 80 കോടി രൂപ കിട്ടാനുണ്ട്. ജൂണിലെ രണ്ടാം ഗഡു ശമ്പളം നൽകാൻ 35 കോടി രൂപ വേണം. ജൂലെ ശമ്പളം നൽകാൻ 80 കോടിയാണ് വേണ്ടത്. 140 കോടി രൂപയാണ് പെൻഷൻ നൽകാൻ വേണ്ടത്.
കെഎസ്ആർടിസിയുടെ ശരാശരി പ്രതിദിന വരുമാനം ആറുകോടി രൂപയാണ്. ഒരുകോടി രൂപ ബാങ്ക് വായ്പാ തിരിച്ചടവിനും മൂന്നേകാൽക്കോടി രൂപ ഡീസലിനും വേണ്ടിവരും. സ്പെയർപാർട്സ്, ടയർ, ഓയിൽ ചെലവ് കഴിഞ്ഞാൽ ശമ്പളത്തിന് മിച്ചം ലഭിക്കില്ല.

