ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് കേന്ദ്ര സർക്കാർ. രാജ്യത്ത് കോവിഡ് വൈറസ് ബാധ വളരെയധികം കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് രണ്ട് ശതമാനം പേരെ ആർടി പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിബന്ധന ഒഴിവാക്കി. ജൂലൈ 20 വ്യാഴാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് ക്രമമില്ലാതെ തെരെഞ്ഞെടുത്ത 2% പേരുടെ ആർടി-പിസിആർ അടിസ്ഥാനമാക്കിയുള്ള പരിശോധന ഇനി നടത്തേണ്ടതില്ല. വിമാനത്താവളങ്ങൾ, സീ പോർട്ടുകൾ, കര അതിർത്തികൾ എന്നിങ്ങനെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ എൻട്രി പോയിന്റുകളിലും പുതിയ ഇളവ് ബാധകമാണ്.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികളും അന്താരാഷ്ട്ര യാത്രക്കാരും പാലിക്കേണ്ട മുൻകരുതൽ നടപടികൾക്കുള്ള മുൻ ഉപദേശം തുടർന്നും ബാധകമാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

