ഇംഫാൽ: മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നാണ് ദേശീയ വനിതാ കമ്മീഷന്റെ പ്രതികരണം. നഗ്നരായ സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്കു നടത്തിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. കാൻഗ്‌പോക്പി ജില്ലയിൽ മേയ് നാലിനാണു സംഭവം നടന്നത്. വിഡിയോ പ്രചരിച്ചതിനു പിന്നാലെയാണു മാസങ്ങൾക്കു മുൻപു നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുൻപ് മെയ്‌തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ ഇവിടെ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.
മണിപ്പൂരിൽ നടന്നത് ഗുരുതരമായ ഭരണഘടനാ ലംഘനമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിക്ക് നേരിട്ട് ഇടപെടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

