എടിഎം തട്ടിപ്പിലെ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു; മലയാളി അറസ്റ്റിൽ

കോയമ്പത്തൂർ: എടിഎം തട്ടിപ്പിലെ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച മലയാളിയെ തമിഴ്‌നാട്ടിൽ നിന്നും പിടികൂടി ദേശീയ അന്വേഷണ ഏജൻസി. ഇ-റോഡ് ഭവാനിസാഗറിലെ തോട്ടംപാളയംഭാഗത്ത് താമസിച്ചിരുന്ന മലയാളിയെയാണ് എൻഐഎ പിടികൂടിയത്.

തൃശ്ശൂർ സ്വദേശി ആസിഫാണ് പിടിയിലായത്. എടിഎം തട്ടിപ്പുകേസിലെ പ്രതിയാണ് ആസിഫ്. ലോക്കൽ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തത്. എടിഎം തട്ടിപ്പിന് പിന്നിൽ വലിയൊരു സംഘമുണ്ട്. തട്ടിപ്പിലൂടെ സ്വന്തമാക്കുന്ന പണം ഇവർ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് വിഷയത്തിൽ ദേശീയ അന്വേഷണ ഏജൻസി ഇടപെടൽ നടത്തിയത്. ഈ കേസിന്റെ ഭാഗമായാണ് ആസിഫിനെയും പിടികൂടിയത്.

ഭവാനിസാഗറിനുസമീപം തോട്ടംപാളയത്താണ് ആസിഫും സുഹൃത്തും താമസിച്ചിരുന്നത്. സമീപത്തെ ചായക്കടയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. സമീപവാസികളുമായി യാതൊരു ബന്ധവുമില്ലാതെയാണ് ആസിഫ് കഴിഞ്ഞിരുന്നത്. നിരവധിപേർ ഇയാളെ കാണാൻ വരാറുണ്ടെന്ന് നാട്ടുകാർ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.