തിരുവനന്തപുരം: രോഗക്കിടക്കയിലായിരിക്കുമ്പോഴും പുതുപ്പള്ളി മണ്ഡലവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വന്തം കൈപ്പടയിൽ ഉമ്മൻചാണ്ടി രണ്ട് ചോദ്യങ്ങളെഴുതി നൽകിയിരുന്നു. മുൻ മുഖ്യമന്ത്രിയായതിനാൽ സാധാരണ ഇദ്ദേഹം നൽകുന്ന ചോദ്യങ്ങൾ മറ്റേതെങ്കിലും എംഎൽഎമാരുടെ പേരിലാണ് നിയമസഭാകക്ഷി ജീവനക്കാർ ഉൾപ്പെടുത്തി നൽകാറുണ്ടായിരുന്നത്.
എന്നാൽ, ഇത് തന്റെ പേരിൽ തന്നെ നൽകണമെന്ന് അദ്ദേഹം പ്രത്യേകം നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചേർന്ന എട്ടാം സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയുടെ ചോദ്യങ്ങൾ രേഖാമൂലമുള്ള ചോദ്യമായി ഉന്നയിക്കപ്പെട്ടു. സ്വന്തം പുതുപ്പള്ളിയോടുള്ള പ്രതിബദ്ധത വെളിവാക്കുന്നതാണ് നടപടി.
പുതുപ്പള്ളി മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയ പദ്ധതികളുടെ വിശദാംശങ്ങളാണ് ആദ്യ ചോദ്യത്തിൽ ഉൾപ്പെടുത്തിയിരുന്നത്. രണ്ടാമത്തേതിൽ മണ്ഡലത്തിലെ അയർക്കുന്നം ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ടതാണ്. ആദ്യ ചോദ്യം ധനകാര്യമന്ത്രിയോടും രണ്ടാം ചോദ്യം പൊതുമരാമത്ത് മന്ത്രിയോടുമായിരുന്നു. പുതുപ്പള്ളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ പണി പൂർത്തിയായെന്നാണ് ആദ്യ ചോദ്യത്തിന് ലഭിച്ച മറുപടി. രണ്ടാം ചോദ്യത്തിന് ഭരണാനുമതി നൽകാനായിട്ടില്ലെന്നും ഉത്തരം ലഭിച്ചു.

