ബെംഗളൂരു: അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നണി രൂപീകരണത്തിനായി ബംഗളുരുവിൽ യോഗം ചേർന്ന് പ്രതിപക്ഷ പാർട്ടികൾ. 26 പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 49 നേതാക്കളാണ് യോഗത്തിന് എത്തിയത്. പ്രതിപക്ഷ നേതൃയോഗത്തിന് മുന്നോടിയായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കിയ അത്താഴ വിരുന്നിൽ നേതാക്കൾ പങ്കെടുത്തു.
പ്രതിപക്ഷ യോഗത്തിനുള്ളത് പ്രധാനമായും മൂന്ന് അജണ്ടകളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് ആദ്യ അജണ്ട. പ്രതിപക്ഷ ഐക്യനിരയ്ക്ക് ഒരു പേര് നൽകണോ വേണ്ടയോ എന്നതാണ് രണ്ടാം അജണ്ട. അതിന് ചെയർപേഴ്‌സണോ കൺവീനറോ വേണോ എന്ന വിഷയത്തിലും ചർച്ച നടക്കുന്നുണ്ട്.
സമാന ചിന്താഗതിക്കാരായ പ്രതിപക്ഷപാർട്ടികൾ സാമൂഹിക നീതി, സാർവത്രിക വികസനം, ദേശീയ ക്ഷേമം തുടങ്ങിയ അജണ്ട മുൻനിർത്തി പ്രവർത്തിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെയും കൊള്ളയുടെയും സ്വേച്ഛാധിപത്യവും ജനവിരുദ്ധവുമായ രാഷ്ട്രീയത്തിൽ നിന്ന് ഇന്ത്യയിലെ ജനങ്ങളെ മോചിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ തത്വങ്ങളാൽ ഭരിക്കപ്പെടുന്ന ഒരു ഇന്ത്യയാണ് നമുക്ക് വേണ്ടത്. ഏറ്റവും ദുർബലനായ വ്യക്തിക്കുപോലും പ്രതീക്ഷയും വിശ്വാസവും നൽകുന്ന ഒരു ഇന്ത്യയാണ് ആവശ്യമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

