ബംഗളൂരു: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. നിരോധനം സംബന്ധിച്ച ഉത്തരവ് അധികൃതർ പുറത്തിറക്കുകയും ചെയ്തു.
ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയെന്നാണ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം മറ്റ് ഭക്തർക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ ഭക്തരും ജീവനക്കാരും ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ മാതൃകയാണ് കർണാടക സർക്കാരും നടപ്പിലാക്കുന്നത്.

