ചെന്നൈ: ബിജെപിക്കെതിരെ പരിഹാസവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ. തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലും നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്റേറ്റ് പരിശോധനയുമായി ബന്ധപ്പെട്ടാണ് സ്റ്റാലിൻ ബിജെപിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ ജോലി അവർ എളുപ്പമാക്കുകയാണെന്നെന്ന് സ്റ്റാലിൻ പറഞ്ഞു. മന്ത്രി പൊന്മുടിക്കെതിരായ കേസ് അദ്ദേഹം നിയമപരമായി നേരിടുമെന്നും സ്റ്റാലിൻ അറിയിച്ചു. പൊന്മുടിക്കെതിരായ രണ്ടുകേസുകൾ അടുത്തിടെ തള്ളിയിരുന്നു. കേസ് അദ്ദേഹം നിയമപരമായി നേരിടും. ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷയോഗത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണ് എൻഫോഴ്‌സ്‌മെന്റ് റെയ്‌ഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗവർണർ തങ്ങൾക്കുവേണ്ടി ഇപ്പോൾ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുണ്ട്. ഇപ്പോൾ ഇഡി കൂടെ ഞങ്ങൾക്ക് വേണ്ടി പ്രചാരണം ആരംഭിച്ചിരിക്കുന്നു. ഇത് ഞങ്ങൾക്ക് തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പക്കുകയാണ്. ഇപ്പോൾ നടക്കുന്ന റെയ്ഡ് ബിജെപിയുടെ സ്ഥിരം നാടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, തമിഴ്‌നാട്ടിലെ ഇഡി റെയ്ഡിനെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് പാർട്ടികളെ തകർക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. ഇഡിയെ ഉപയോഗിച്ച് ഇന്ത്യപോലൊരു വലിയ രാജ്യത്തെ ഭയപ്പെടുത്താനോ നിയന്ത്രിക്കാനോ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

