പ്രതിരോധ, ആണവ രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും ഫ്രാൻസും തമ്മിൽ ധാരണ; ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ, ആണവ രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും ഫ്രാൻസും തമ്മിൽ ധാരണയായി. ഡൽഹിയിലെ പുതിയ നാഷണൽ മ്യൂസിയവുമായി ഫ്രാൻസ് സഹകരിക്കും.

നാവിക സേനയ്ക്ക് റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഫ്രാൻസ് ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി അറിയിച്ചു. ദ്വിദിന സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തിയത്. ഫ്രാൻസിന്റെ ദേശീയ ദിനാഘോഷത്തിൽ നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുത്തു. ബാസ്റ്റീൽ ദിനാഘോഷം എന്നറിയപ്പെടുന്ന ദേശീയ ദിനാഘോഷത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ കണ്ടിജന്റും റാഫേൽ യുദ്ധവിമാനങ്ങളും അണിനിരന്നു.

എലിസി കൊട്ടാരത്തിൽ ഒരുക്കിയ വിരുന്നിലും അദ്ദേഹം പങ്കുചേർന്നു. ഏറ്റവും ഉയർന്ന ഫ്രഞ്ചു ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ മോദിക്ക് സമ്മാനിച്ചു. ഈ ബഹുമതി ലഭ്യമാകുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.