ക്രമസമാധാന ചുമതല ഏറ്റെടുക്കാൻ കഴിയില്ല; കുക്കി വിഭാഗത്തിൽ പെട്ടവർക്ക് സുരക്ഷ നൽകാൻ സൈന്യത്തോട് നിർദേശിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: മണിപ്പൂരിലെ കുക്കി വിഭാഗത്തിൽ പെട്ടവർക്ക് സുരക്ഷ നൽകാൻ സൈന്യത്തോട് നിർദേശിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ നടപടി. മണിപ്പൂർ ട്രൈബൽ ഫോറമാണ് കുക്കി വിഭാഗത്തിൽപെട്ടവർക്ക് സുരക്ഷ നൽകാൻ സൈന്യത്തിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പട്ട് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ 72 വർഷത്തിൽ ഒരിക്കൽ പോലും സുപ്രീം കോടതി നിർദേശം സൈന്യത്തിന് നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സംഘർഷം രൂക്ഷമാക്കുന്നതിനും വിദ്വേഷം വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു നടപടിയും സ്വീകരിക്കരുതെന്ന് മണിപ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളോടും കോടതി അഭ്യർത്ഥിച്ചു. മണിപ്പൂരിന്റെ ക്രമസമാധാന ചുമതല ഏറ്റെടുക്കാൻ കോടതിക്ക് കഴിയില്ല. ഇതിന്റെ ചുമതല തെരഞ്ഞെടുക്കപ്പട്ട സർക്കാരിനാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

സുരക്ഷയിൽ എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ അത് പരിഹരിക്കാൻ കോടതിയിക്ക് ഇടപെടാനാകും. നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.