ന്യൂഡൽഹി: ജൂലൈ 17, 18 തീയതികളിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. ബംഗളൂരുവിൽ വച്ചാണ് യോഗം നടക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പോരാടാനുള്ള തന്ത്രങ്ങൾ മെനയുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്. പട്‌നയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിന്റെ തുടർച്ചയായിട്ടായിരിക്കും യോഗം ചേരുന്നത്.
ജൂലൈ 17 ന് വൈകിട്ട് ആറു മണിക്കും 18 ന് രാവിലെ 11 മണിക്കും യോഗം ചേരും. അതേസമയം, ബെംഗളൂരുവിലെ യോഗത്തിലേക്ക് പ്രതിപക്ഷ നേതാക്കന്മാരെ ക്ഷണിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കത്തയച്ചിട്ടുണ്ട്.
ജൂൺ 23നു നടന്ന യോഗം വിജയമായിരുന്നുവെന്നും ജനാധിപത്യത്തിനു ഭീഷണിയാകുന്ന വിഷയങ്ങളെക്കുറിച്ചു ചർച്ച ചെയ്തുവെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ഒന്നിച്ചുപോരാടുമെന്നും തീരുമാനിച്ചു. ജൂലൈയിൽ വീണ്ടും ഒന്നിച്ചുചേരാമെന്നു നമ്മൾ തീരുമാനിച്ചിരുന്നു. ബെംഗളൂരുവിൽവച്ച് എല്ലാവരെയും കാണാമെന്നു പ്രതീക്ഷിക്കുന്നുവെന്നും ഖാർഗെ കത്തിൽ പറയുന്നു.

