മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് കപ്പ. മീൻകറിയോടൊപ്പവും ഇറച്ചിക്കറിയോടൊപ്പവുമെല്ലാം മലയാളികൾ കപ്പ ആസ്വദിച്ച് കഴിക്കാറുണ്ട്. എന്നാൽ കപ്പ ഒരുപാട് കഴിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കപ്പക്കിഴങ്ങിൽ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അതുകൊണ്ടാണ് കപ്പ തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്. കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതിനും കാരണം ഈ സയനൈഡ് വിഷം തന്നെയാണ്. സ്ഥിരമായി ഈ വിഷം ചെറിയ അളവിൽ ഉള്ളിൽ ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ് രോഗങ്ങൾക്കും കാരണമാകും. മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള്ള നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡിനെ പൂർണ്ണമായും നിർവീര്യമാക്കും. അതിനാൽ ഇവ കപ്പയോടൊപ്പം കഴിക്കുന്നത് വളരെ നല്ലതാണ്.
പ്രമേഹമുള്ളവർ കപ്പ ഒഴിവാക്കുന്നതാണ് നല്ലത്. ഗ്ലൈസമിക് ഇൻഡെക്സ് എന്ന ഘടകമാണ് പ്രമേഹ സൂചകമായി മാറുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് ഉയരുമ്പോഴാണ് പ്രമേഹ സാദ്ധ്യതയും വർദ്ധിക്കുന്നത്.

