ചെന്നൈ: തമിഴ്‌നാട്ടില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് പൊലീസ് തല്ലിയ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് സേലത്തെ ഏതാപൂരിന് സമീപത്തെ ചെക്ക്‌പോസ്റ്റില്‍വെച്ചാണ് എസ്.എസ്.ഐ പെരിയസ്വാമിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുരുകേശനെ മര്‍ദ്ദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ചു.
പിന്നീട് സേലത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. കല്ലക്കുറിച്ചിയില്‍ പോയി മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെയാണ് മുരുകേശനെ പോലീസ് തടഞ്ഞത്. അതേസമയം, മുരുകേശന്‍ അസഭ്യം പറഞ്ഞതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് സംഘത്തിലുണ്ടായിരുന്ന പോലീസുകാരന്‍ പറഞ്ഞു. എസ്.എസ്.ഐ. പെരിയസ്വാമിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

