ഇസ്രയേൽ ആക്രമണം; ഗാസയിൽ ഇതുവരെ 2,360 കുട്ടികൾ മരണപ്പെട്ടുവെന്ന് യുണിസെഫ്

ഗാസ സിറ്റി: കുട്ടികൾക്ക് നേരെയുളള ക്രൂരതയിൽ ആശങ്ക രേഖപ്പെടുത്തി യുണിസെഫ്. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 2,360 കുട്ടികൾ മരണപ്പെട്ടുവെന്ന് യുണിസെഫ് വ്യക്തമാക്കി. സംഘർഷം ആരംഭിച്ച് 18 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികൾ ഗാസയിൽ കൊല്ലപ്പെട്ടത്. മിസൈലാക്രമണത്തിലും ബോംബാക്രമണത്തിലും 5,364 ഓളം കുട്ടികൾക്ക് പരിക്കേറ്റതായാണ് വിവരം.

ഗാസയിൽ ദിവസേന 400ൽ അധികം കുട്ടികൾ കൊല്ലപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. മുപ്പതോളം ഇസ്രയേലി കുട്ടികൾക്കും സംഘർഷത്തിൽ ജീവൻ നഷ്ടമായി. ഗാസ മുനമ്പിൽ തടവിൽ കഴിയുന്നത് ഡസൻ കണക്കിന് ആളുകൾ. 2006 മുതൽ യുഎൻ സാക്ഷ്യം വഹിച്ചിട്ടുള്ള, ഗാസ മുനമ്പിലെയും ഇസ്രയേലിലെയും ശത്രുതയുടെ ഏറ്റവും മാരകമായ വർദ്ധനയാണ് 18 ദിവസമെന്ന ഈ കാലയളവിലുണ്ടായിട്ടുള്ളതെന്നും യുണിസെഫ് വ്യക്തമാക്കി.

ഗാസ മുനമ്പിലെ കുട്ടികൾ ഭക്ഷണവും വെളളവും മരുന്നും ലഭിക്കാതെ വലയുകയാണ്. ‘കൊല്ലപ്പെടുന്നതും പരിക്കേൽക്കുന്നതുമായ കുട്ടികൾ, കുട്ടികളെ കടത്തികൊണ്ടുപോകൽ, സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെയുളള ആക്രമണം, മാനുഷിക സഹായം ലഭിക്കാതിരിക്കൽ എന്നിവ കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യുണിസെഫ് മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും റീജിയണൽ ഡയറക്ടർ അഡെൽ ഖോദ്ർ അറിയിച്ചു.