ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

കൂത്തുപറമ്പ്: ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്കു തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു. കണ്ണൂരിലാണ് സംഭവം. ആറാം മൈലിൽ മൈതാനപ്പള്ളിക്ക് മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. പാനൂരിനടുത്ത് പാറാട്ട് ടൗണിന് സമീപം കൊളവല്ലൂരിലെ അഭിലാഷ്, ഷിജിൻ തുടങ്ങിയവരാണ് മരണപ്പെട്ടത്.

ഓട്ടോ ഓടിച്ചിരുന്നത് അഭിലാഷാണ്. ഓട്ടോയുടെ പിറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു ഷിജിൻ. തലശ്ശേരി ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന എം 4 സിക്‌സ് കെഎൽ 58 എസി 3112 ബസുമായാണ് ഓട്ടോ കൂട്ടിയിടിച്ചത്. തലശ്ശരി ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോ. കെ എൽ 58 എജി 4784 സിഎൻജി ഓട്ടോയാണ് കത്തിയത്. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം തീപിടിച്ച് ഓട്ടോ കത്തിയമരുകയായിരുന്നു. അഗ്നിശമന സേനാ യൂണിറ്റ് സംഭവ സ്ഥലത്തെത്തിയാണ് തീ അണച്ചത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.